ഓണം
പഴയ ഓണത്തില്‍ നിന്ന് പുതിയ ഓണത്തിലേക്കുള്ള ദൂരമെത്രയാണ്? അറിയില്ല. നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ മനസ്സില്‍ ഒരു ഓണം ഉണ്ടായിരിക്കും. മുതിരുന്തോറും കുട്ടിക്കാലത്തെ ഓണം മെല്ലെ മെല്ലെ മായുന്നു. പക്ഷെ മനസ്സ് ഒരു വിചിത്ര ജീവിയാണ്. അത് എപ്പോഴും കുട്ടിക്കാലത്തെ അനുഭവങ്ങളെ വികാരം മുറ്റുന്ന ഓര്‍മ്മകളാക്കി താലോലിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാകാം നമ്മുടെ കുട്ടിക്കാലത്തെ ഓണത്തിന് ഇപ്പോഴും ഇത്രയും ചൂട്.
നാട്ടിന്‍പുറത്ത് ജനിച്ച കുട്ടികള്‍ക്ക് എപ്പോഴും പ്രകൃതി ജീവിതത്തിന്റെ ഭാഗമായിരിക്കും. അവിടെ ജനിച്ച് ജീവിച്ച കുട്ടികളുടെ ഓണത്തില്‍ പ്രകൃതിയുടെ ചൂടും ചൂരും കലരുക സ്വാഭാവികം. കുട്ടിക്കാലത്തെ അവരുടെ ഓണം പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ നടുക്കാണ് ആഘോഷിച്ചിരുന്നത്. കര്‍ക്കിടകമാസത്തില്‍ തകര്‍ത്തുപെയ്ത മഴയ്ക്കുശേഷം തെളിഞ്ഞ നീല ആകാശം. പ്രകൃതിയെല്ലാം വെള്ളം കുടിച്ച്, പച്ചപ്പ് തുടിച്ച് നില്പുണ്ടായിരിക്കും. കാടാറുമാസം, കോളാമ്പിപ്പൂക്കള്‍, മുക്കുറ്റി, മുല്ല, ശംഖുപുഷ്പം, തുളസി, തെച്ചി, മന്ദാരം, തുമ്പ....എന്നിങ്ങനെ പലനിറത്തില്‍ പൂവുകളുടെ, നിറങ്ങളുടെ ഒരു കൊളാഷ് പ്രകൃതിയില്‍ കാണാം.
പൂക്കളമിടാന്‍ കുട്ടികള്‍ പൂക്കള്‍ തേടിയിറങ്ങുന്നു. സംഘമായാണ് അവര്‍ പോകുക. കാരണം വീടുകള്‍ക്കിടയില്‍ അന്ന് ദൂരങ്ങള്‍ കുറവായിരുന്നു. രഹസ്യങ്ങള്‍ കുറവായിരുന്നു. കുട്ടികളെല്ലാം ഇടകലര്‍ന്ന്, കൂട്ടംകൂടി, തല്ലുകൂടിയാണ് വളര്‍ന്നിരുന്നത്. അന്ന് പൂക്കള്‍ക്ക് വേണ്ടി, കൂടുതല്‍ ഭംഗിയുള്ള പൂക്കള്‍ക്ക് വേണ്ടി കുട്ടികള്‍ കാടും മേടും കടന്ന് അലയുമായിരുന്നു. ആ പൂക്കള്‍ കൊണ്ട് വന്ന് അവര്‍ മനോഹരമായ പൂക്കളങ്ങള്‍ ഇടും. ഇന്നലത്തെ പൂക്കളമായിരിക്കില്ല ഇന്ന്. ഇന്നത്തേതായിരിക്കില്ല നാളത്തേത്. ഓരോ ദിവസവും പുതിയ പൂക്കളങ്ങള്‍. കൂടുതല്‍ ഭംഗിയുള്ള പൂക്കളങ്ങള്‍ തീര്‍ക്കാന്‍ വാശിയാണ്.
അമ്മമാര്‍ പാടത്ത് നിന്ന് എടുക്കുന്ന പശിമയുള്ള ചെളിമണ്ണ് കുഴച്ച് തൃക്കാക്കരയപ്പന്മാരെ ഒരുക്കും. തല മൂത്ത കാരണവന്മാര്‍ നല്ല പച്ചക്കായക്കുലകളും പഴുത്തകായക്കുലകളും ചന്തയില്‍ നിന്ന് വാങ്ങും. ഇതില്‍ പച്ചക്കായ തൊലിപൊളിച്ച്, മഞ്ഞള്‍ പുരട്ടിയുണക്കി ഉപ്പേരിയുണ്ടാക്കും. ശര്‍ക്കരപെരട്ടിയുണ്ടാക്കും. ഇതിനിടെ കുട്ടികള്‍ക്ക് പട്ടം പറത്തല്‍, ഓണക്കളി തുടങ്ങിയ വിനോദങ്ങള്‍ വേറെ യുണ്ടാകും. എന്തായാലും ഓണം എന്നത് ഗ്രാമത്തിലെ എല്ലാവര്‍ക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും, തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു. കാത്തിരിപ്പിന്റെ ഉന്മേഷമായിരുന്നു. ഓണദിവസത്തേയ്ക്ക് അതുവരെ കൂട്ടിവച്ച പണമെല്ലാമിറക്കി എല്ലാവര്‍ക്കും ഓണക്കോടികള്‍ വാങ്ങുകയും ചെയ്യും.
ഇതെല്ലാം പഴയ ഓണം. പഴയ ഓണത്തിന് എപ്പോഴും ദാരിദ്യ്രവുമായി ഇഴപിരിയാത്ത ബന്ധമുണ്ടായിരുന്നു. ദാരിദ്യ്രത്തിനിടയില്‍ വീണുകിട്ടുന്ന സമ്പന്നതയായിരുന്നു ആ ഓണം. അതുകൊണ്ട് അതിന് തിളക്കം കൂടി.
ഇപ്പോഴോ? നാട്ടില്‍ ദാരിദ്യ്രമുള്ളവര്‍ ചുരുങ്ങും. പാവപ്പെട്ടവന്റെ മക്കളും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് നീങ്ങുന്നു. എല്ലാവരും പണമുണ്ടാക്കാനുള്ള വഴികളെപ്പറ്റി ചിന്തിയ്ക്കുന്നു. അതിന് വേണ്ടി കടല്‍കടക്കാന്‍ മടിയില്ലാത്തവരാണ് യുവാക്കള്‍. പ്രകൃതിയുമായി ആര്‍ക്കും പഴയതുപോലെ ആത്മബന്ധമില്ല. ആര്‍ക്കും ആരെയും പണത്തിന് വേണ്ടി പറ്റിയ്ക്കാന്‍ ഒരു മടിയുമില്ല. തലമൂത്തകാരണവന്മാര്‍ ഇപ്പോള്‍ നാട്ടില്‍ ഭാരമാണ്. പണ്ട് വാക്കിന് വിലയുണ്ടായിരുന്ന അവര്‍ ഇപ്പോള്‍ മുടക്കാച്ചരക്കുകളാണ്. പണ്ട് ആരും ശ്രദ്ധിയ്ക്കാത്ത കുട്ടികള്‍ക്ക് വേണ്ടി ഇപ്പോള്‍ അച്ഛനമ്മമാര്‍ അവര്‍ക്കുള്ളതെല്ലാം ചൊരിഞ്ഞുകൊടുക്കുന്നു. എന്തൊരു മാറ്റം!
ഈ അന്തരീക്ഷത്തിലേക്കാണ് ഇപ്പോള്‍ ഓണം വരുന്നത്. അതുകൊണ്ട് ഇപ്പോള്‍ ഓണത്തിന് പഴയ സുഖമില്ലെന്ന് പറയുന്നത് എങ്ങിനെ ശരിയാകും? 104 വര്‍ഷം മുമ്പ് ഗ്രീസിലെ ആതന്‍സിലെ ഒളിമ്പിക്സില്‍ ഒലീവിലയായിരുന്നു സമ്മാനമായി നല്കിയിരുന്നത്. നഗ്നപാദരായാണ് അത്ലറ്റുകള്‍ ഓടിയിരുന്നത്. ഇപ്പോള്‍ അത്യാധുനിക സാങ്കേതിക വിദ്യയുള്ള സ്റേഡിയങ്ങള്‍. എല്ലാ സുഖസൗകര്യങ്ങളോടെയും മത്സരത്തിന് തയ്യാറെടുക്കുന്ന അത്ലറ്റുകള്‍. അവരെ സ്പോണ്‍സര്‍ ചെയ്യാന്‍ വന്‍കിട കമ്പനികള്‍. മത്സരവിജയികള്‍ക്ക് ഒലീവിലയ്ക്ക് പകരം സ്വര്‍ണ്ണമെഡലുകള്‍. മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ മയക്കമരുന്ന് കുത്തിവയ്ക്കാന്‍ പോലും മടിയ്ക്കാത്ത അത്ലറ്റുകള്‍. ഇതുകൊണ്ടൊക്കെ ഇപ്പോള്‍ ഒളിമ്പിക്സിന് നിറം മങ്ങിയെന്ന് ആരെങ്കിലും പറയുമോ? ഇല്ല, ഒളിമ്പിക്സ് എന്ന ഉത്സവത്തിന് ആവേശം കൂടിയിട്ടേയുള്ളൂ. കൂടുതല്‍ പേര്‍ ഇപ്പോള്‍ മത്സരം കാണുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നു.
ഓണത്തിന്റെ കാര്യവും വ്യത്യസ്തമല്ല. എല്ലാവരുടെയും കയ്യില്‍ ഇന്ന് പണമുണ്ട്. ആര്‍ക്കും പഴയതുപോലെ കൈമെയ് മറന്ന് അധ്വാനിയ്ക്കാന്‍ വയ്യ. പകരം ഇന്ന് വിപണി കൂടുതല്‍ വളര്‍ന്നിരിക്കുന്നു. പണം കൊടുത്താന്‍ തൃക്കാക്കരയപ്പനും തുമ്പപ്പൂക്കളും ഇന്ന് മാര്‍ക്കറ്റില്‍ കിട്ടും. ഉപ്പേരി മുതല്‍ അടപ്രഥമന്‍ വരെ എല്ലാം വാങ്ങാന്‍ കിട്ടും. പിന്നെ വീട്ടില്‍ ഒന്നും കാര്യമായി ഉണ്ടാക്കേണ്ട കാര്യമില്ല.
കുട്ടികള്‍ക്ക് ആഘോഷിയ്ക്കാന്‍ ടിവി മുതല്‍ കമ്പ്യൂട്ടര്‍ വരെയുണ്ട്. മുറ്റത്ത് പൂക്കളം ഇട്ടില്ലെങ്കിലും അവര്‍ക്ക് കമ്പ്യൂട്ടറില്‍ പൂക്കളം വരയ്ക്കാം. ഫോട്ടോഷോപ്പ് ഉപയോഗിച്ച് അവര്‍ക്ക് ഏത് നിറത്തിലും പൂക്കളം ഇടാം. അതെ, എല്ലാവര്‍ക്കും ഇന്ന് ഓണം കൂടുതല്‍ ഈസിയാണ്. വള്ളംകളിയൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടാണ്. പഴമക്കാര്‍ക്ക് ചിലപ്പോള്‍ ഒരു കൗതുകം തോന്നാം. കുട്ടികള്‍ക്ക് ഇന്ന് കളിക്കാന്‍ ആയിരക്കണക്കിന് വീഡിയോ ഗെയിംസുകളും കമ്പ്യൂട്ടര്‍ ഗെയിംസുകളും ഉണ്ട്.
പണ്ടത്തെപ്പോലും ദുരിതത്തിനിടയില്‍ എത്തുന്ന ഒരു നെടുവീര്‍പ്പല്ല ഓണം എന്നേയുള്ളൂ. മനസ്സില്‍ ഭാരമില്ലാതെ എന്നും ചിരിയ്ക്കുന്നതിനിടയില്‍ കൂടുതല്‍ ചിരിയ്ക്കാന്‍ ഒരു ദിവസം- അതാണ് ഓണം. ആ ഓണത്തിന് പുതിയ പുതിയ നിറങ്ങളും ഉല്ലാസങ്ങളും അര്‍ത്ഥങ്ങളും കണ്ടെത്താനാണ് പുതിയവര്‍ ശ്രമിയ്ക്കുന്നത്.
അവര്‍ പണ്ടത്തെപ്പോലെ ഓണത്തിന് മണിക്കൂറുകളോളം കാല്‍നടയായോ, ബസ്സില്‍ ഇടിച്ചുതള്ളിയോ പോയി ക്യൂനിന്ന് ടിക്കറ്റെടുത്ത് സിനിമകാണാന്‍ ഇഷ്ടപ്പെടുന്നില്ല. പകരം അവര്‍ ടിവിയില്‍ പല പല ചാനലുകളില്‍ അവരുടെ ഇഷ്ടതാരങ്ങളെ കാണുന്നു. അവര്‍ അവതരിപ്പിയ്ക്കുന്ന പരിപാടികള്‍ കാണുന്നു. അതിനിടയില്‍ പകുതിയിലേറെ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയതും കുറച്ചൊക്കെ വീട്ടിലുണ്ടാക്കിയതുമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഒരു സദ്യ. വീണ്ടും ടിവിയിലേക്ക്. വൈകുന്നേരമാകുമ്പോള്‍ ഒരു ആറാപ്പൂ വിളി. അതെ, ഓണം ഇന്ന് ഈസിയാണ്. പക്ഷെ അതുകൊണ്ട് പണ്ട് ഗ്രാമത്തില്‍ ആഘോഷിച്ചിരുന്ന ഓണമായിരുന്നു കൂടുതല്‍ നല്ലതെന്ന് എങ്ങിനെ പറയാന്‍ കഴിയും? അതെ ഓണം എന്നും ഓണം തന്നെ. അതിന് തലമുറകള്‍ കഴിയുന്തോറും, പുതിയ പുതിയ സൗകര്യങ്ങള്‍ കൂടുന്തോറും പുതിയ പുതിയ തിളക്കം വന്ന് ചേരുന്നു.....
ഇപ്പോഴും കേരളം സെക്യുലര്‍ ആയി ഓണം ആഷോഷിയ്ക്കുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഓണം ആഘോഷിയ്ക്കുന്നുണ്ട്.
ഇക്കുറി മാറാടുള്ള മുസ്ലിങ്ങള്‍ ഓണം ആഘോഷിയ്ക്കുമോ എന്നറിയില്ല. എന്തായാലും മാറാട് പോലുള്ള മുറിവുകള്‍ കേരളത്തിന്റെ ശരീരത്തില്‍ പടരല്ലേയെന്ന് മാത്രം പ്രാര്‍ത്ഥിയ്ക്കാം. അങ്ങിനെയെങ്കില്‍ ചിലപ്പോള്‍ ഓണത്തിന് ഭംഗി കുറഞ്ഞെന്നിരിയ്ക്കും.